Powered By Blogger

Welcome to the Alliance Medical Foundation Trust Blog

Welcome to the Alliance Medical Foundation Trust Blog

The intent of this blog is to keep our website audience www.amftrust.com up-to-date on information about Liver & Pancreas ,
information about our Humanitarian Mission and to answer some of our web site and training audience questions.
People are encouraged
to submit questions and post comments.

The only National charity that offers Free Medical Treatment support and advice for patients with all forms of Liver & Pancreatic Diseases.
The kindness of supporters like yourself, enables us to help people with liver & pancreatic disease.


Make a Donation...http://t.co/P7CjSMt

Sunday, November 13, 2011

പ്രമേഹത്തിനെതിരെ പ്രതികരിക്കൂ, ഇപ്പോള്‍ത്തന്നെ



പ്രമേഹത്തിനെതിരെ പ്രതികരിക്കൂ, 
ഇപ്പോള്‍ത്തന്നെ!!!


ഡോ. ജോതിദേവ് കേശവദേവ്‌


നവംബര്‍ 14. ഒരു പ്രമേഹദിനംകൂടി വരവായി. സാധാരണ ദിനങ്ങള്‍ ആചരിക്കുന്നത് ഒരു വ്യക്തിയെയോ ഒരു സംഭവത്തെയോ ഒരുപ്രസ്ഥാനത്തെയോ ഓര്‍മിക്കാനും ഓര്‍മപ്പെടുത്താനുമായാണ്. എന്നാല്‍ പ്രമേഹത്തിന് അതിന്റെ ആവശ്യമില്ല. കാരണം, ഓരോ നിമിഷവും പല രൂപഭാവങ്ങളില്‍ പ്രമേഹം നമ്മെ ഭയപ്പെടുത്താന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.
1922-ലാണ് പ്രമേഹ ചികിത്സയ്ക്ക് ഇന്‍സുലിന്‍ കണ്ടുപിടിച്ചത്. ഇതോടുകൂടി പ്രമേഹരോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കും എന്നു തെളിഞ്ഞു. ആ കണ്ടുപിടിത്തത്തിനു പിന്നിലെ ശാസ്ത്രജ്ഞന്മാരില്‍ ഒരാളായ ഡോ. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമാണ് ലോകമെമ്പാടും നവംബര്‍ 14ന് പ്രമേഹദിനമായി ആചരിക്കുന്നത്.

1991 മുതലാണ് ലോക പ്രമേഹദിനം ആചരിച്ചു തുടങ്ങുന്നത്. ഇന്‍റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ചേര്‍ന്നാണ് ഇപ്പോള്‍ പ്രമേഹദിനത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഐക്യരാഷ്ട്രസഭ ഒരു രോഗത്തിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഒത്തുകൂടിയത്. അത് എയ്ഡ്‌സിനെക്കുറിച്ചായിരുന്നു. അതിനു ശേഷം 2011 സപ്തംബറില്‍ പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ചര്‍ച്ചചെയ്യാനും സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനും ലോകരാഷ്ട്രങ്ങള്‍ ഒത്തുകൂടി.
അര്‍ബുദത്തെ പോലെ തന്നെ ഗൗരവസ്വഭാവമുള്ള രോഗമായാണ് ആഗോളതലത്തില്‍ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു എന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.

2009 മുതല്‍ അഞ്ചു വര്‍ഷക്കാലം പ്രമേഹ പ്രതിരോധത്തിനും പ്രമേഹ ചികിത്സയ്ക്കും 'വിദ്യാഭ്യാസമാണ് പരമപ്രധാനം' എന്ന വിഷയമാണ് എല്ലാ പ്രമേഹ ദിനങ്ങളിലും ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമാക്കിയിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. രോഗത്തെക്കുറിച്ചുള്ള അറിവുണ്ടായിട്ടും വിദ്യാസമ്പന്നരായിട്ടും ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതില്‍ നമ്മള്‍ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, രക്തത്തിലെ കൊഴുപ്പ് (പ്രമേഹ ചികിത്സയുടെ വിജയം നിര്‍ണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകള്‍ ഇവ മൂന്നുമാണ്) എന്നിവ നിയന്ത്രണവിധേയമല്ല എന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ ചികിത്സ പരാജയപ്പെടുന്നതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്:
1. ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കുന്ന വിധം, സ്ഥാനം, സമയം തുടങ്ങിയവയിലെ അപാകതകള്‍
2. പ്രമേഹചികിത്സയ്ക്ക് ഗ്ലൂക്കോമീറ്റര്‍ അത്യന്താപേക്ഷിതമാണെങ്കിലും കേരളത്തില്‍ ഒരു ശതമാനം പേര്‍ പോലും അത് ഉപയോഗിക്കുന്നില്ല. ഉപയോഗിക്കുന്നവരാകട്ടെ അതു വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നുമില്ല
3. പ്രതിരോധത്തിനായി കഴിക്കേണ്ട ഔഷധങ്ങള്‍ പലതും അല്പ ദിവസങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍ത്തുന്നു
4. വ്യായാമം എത്രത്തോളം, എപ്പോള്‍, എങ്ങനെ ആകാം എന്നത് മനസ്സിലാക്കാതെ അതു നടപ്പിലാക്കുന്നു
5. രക്തത്തിലെ പഞ്ചസാര വളരെ കാലം ഉയര്‍ന്നുനിന്ന ശേഷം വൈകി ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ തുടങ്ങുന്നു
6. തുടര്‍ച്ചയായ ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, മറ്റു പരിപാടികള്‍ ഇവ കാരണം ഭക്ഷണനിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാതിരിക്കുക... ഇങ്ങനെ നിരവധി കാരണങ്ങളാണ് ചികിത്സ പരാജയത്തിന് വഴിയൊരുക്കുന്നത്.



പ്രമേഹത്തിന്റെ പ്രാധാന്യവും അതുമൂലം ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ചികിത്സിക്കാനായി ഭാവിയില്‍ വേണ്ടിവരുന്ന വലിയ ചികിത്സാചെലവും ഇപ്പോള്‍ മലയാളികള്‍ക്ക് അറിവുള്ളതാണ്. പ്രമേഹം വരുത്തിത്തീര്‍ത്ത വൃക്കസ്തംഭനം, ഹൃദയാഘാതം, അന്ധത ഇവയൊക്കെ ചികിത്സിക്കാന്‍ ഇപ്പോള്‍ ആശുപത്രികളില്‍ വന്‍ തിരക്കാണ്. എന്നാല്‍ പലരും അറിയാതെ പോകുന്ന സത്യം, ഈ അനുബന്ധ രോഗങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു എന്നതാണ്.

രോഗികള്‍ അല്ലെങ്കില്‍ രോഗം വരാന്‍ സാധ്യതയുള്ളവര്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഇത്രമാത്രം: പ്രമേഹം എന്ന രോഗം പാരമ്പര്യസ്വഭാവമുള്ളതാണെങ്കില്‍ പോലും പരിപൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കും. അഥവാ പ്രമേഹരോഗം ഉണ്ടെങ്കിലും ശാസ്ത്രീയമായ അറിവ് ലഭിക്കുകയാണെങ്കില്‍ രോഗ ചികിത്സ വിജയിക്കും. അനുബന്ധരോഗങ്ങള്‍ നൂറു ശതമാനവും പ്രതിരോധിക്കാനും കഴിയും. ശാസ്ത്രീയമായി പഠനങ്ങള്‍ക്കു വിധേയമാക്കാത്ത ഒരു ഔഷധവും ഉപയോഗിക്കാന്‍ പാടില്ല.

പ്രമേഹത്തിന് ചെറുതും വലുതും എന്ന വേര്‍തിരിവില്ല. ആരംഭത്തിലാണെങ്കില്‍ പോലും ശരീരത്തിലെ എല്ലാ അവയവങ്ങളും സമഗ്രപരിശോധനയ്ക്കു വിധേയമാക്കി വേണം ചികിത്സ തുടങ്ങാനും തുടരാനും. ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ആഗോളതലത്തില്‍ നിരവധി ആഘോഷങ്ങള്‍ നടക്കുകയാണ്. സൗജന്യ ക്യാമ്പുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിങ്ങനെ പല പദ്ധതികളും കേരളത്തിലെ പല ആതുരാലയങ്ങളിലും നടന്നുവരുന്നു. പ്രധാന കെട്ടിടങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവ നീലപ്രകാശത്തില്‍ അലങ്കരിച്ച് പ്രമേഹദിന സന്ദേശം കൂടുതല്‍ വ്യാപകമാക്കാനാണ് ഇന്‍റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ആഹ്വാനം ചെയ്തിരിക്കുന്നത്. 'പ്രമേഹത്തിനെതിരെ പ്രതികരിക്കൂ, ഇപ്പോള്‍ത്തന്നെ'- ഇതാണ് ഈ വര്‍ഷത്തെ സന്ദേശം.

പ്രമേഹരോഗം വരുത്തിത്തീര്‍ത്ത അനുബന്ധരോഗങ്ങള്‍ കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, ആരോഗ്യമേഖലയെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ശക്തി, അറിവ് ഇവ പ്രമേഹനിയന്ത്രണത്തിനും പ്രതിരോധത്തിനും പരമാവധി പ്രയോജനപ്പെടുത്താന്‍ ഇനിയെങ്കിലും നമുക്ക് സാധിക്കണം.



courtesy:mathrubhumi 

No comments:

Post a Comment